പാറ്റ്ന: ബിഹാർ ഏറ്റവും കൂടുതൽ കാലം ഭരിച്ച നേതാവെന്ന തിളക്കത്തിൽ ജനതാദൾ (യു) അധ്യക്ഷൻ നീതീഷ് കുമാർ വീണ്ടും സംസ്ഥാന ഭരണത്തിന്റെ അമരത്ത്. പത്താം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.
പാറ്റ്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ സാക്ഷിനിർത്തിയായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും പ്രൗഡഗംഭീരമായ ചടങ്ങുകൾക്കു സാക്ഷിയായി.
എഴുപത്തിനാലുകാരനായ മുഖ്യമന്ത്രിക്കൊപ്പം 26 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു, ഇതിൽ 14 പേർ ബിജെപി പ്രതിനിധികളാണ്. ജെഡിയുവിൽനിന്ന് എട്ട് മന്ത്രിമാരും ലോക്ജനശക്തിയുടെ (റാംവിലാസ് പസ്വാൻ) രണ്ടുമന്ത്രിമാരും ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവയുടെ ഓരോ പ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടും.
243 സീറ്റുകളില്‍ 202 എണ്ണവും തൂത്തുവാരിയാണ് നിതീഷിന്റെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി അധികാരത്തുടർച്ച സ്വന്തമാക്കിയത്. ബുധനാഴ്ച ചേര്‍ന്ന ജെഡിയു നിയമസഭ കക്ഷി യോഗവും എന്‍ഡിഎ യോഗവും നിതീഷിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു.